ഏറണാകുളം ജില്ലയില്‍ പെരുംബാവുരിനു 10 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി ഗ്രാമം എന്ന ചെറുവാക്കില്‍ഉള്‍ക്കൊള്ളുന്ന മലയാളക്കരയുടെ മുഴുവന്‍ വശ്യസൗന്ദര്യവുമുള്ള നമ്മുടെ നാട്...ഒരു മഞ്ഞുതുള്ളിയോളം മാത്രം വലുപ്പമുള്ള ഒരു കൊച്ചുഗ്രാമം.... അതെ നമ്മുടെ അകനാട്......
പണ്ട് ജൈനന്‍മാര്‍ അകനാട്,മുടക്കുഴ എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രസിദ്ധമായ കല്ലില്‍ക്ഷേത്രം, മലയാറ്റൂര്‍ കുരിശുംമുടി എന്നീ രണ്ട് ജൈനകേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. ഈ വഴിയാണ് ഇന്നത്തെ കീഴില്ലം കുറിച്ചിലക്കോട് റോഡ് എന്നപേരിലറിയപ്പെടുന്നത്. ഈ രണ്ട് ജൈമനമത ആരാധനാലയങ്ങളുടെ ഇടയ്ക്കുള്ള പ്രദേശം എന്ന നിലയ്ക്കായിരിക്കണം അകനാട് എന്ന സ്ഥലനാമമുണ്ടായത്.
എത്ര സുന്ദരമാണ് നമ്മുടെ നാട്.. വേറെ എവിടെ കിട്ടും പ്രകൃതി ഒരുക്കിയ ഇത്ര ഭംഗിയുള്ള കാഴ്ച. മരതകപ്പട്ടുടുത്ത്, വെള്ളിക്കൊലുസിട്ട്, പുഷ്പാഭരണങ്ങളോടെ നില്‍ക്കുന്ന ഈ സുന്ദരഗ്രാമത്തില്‍ കൊതി തീരും വരെ ജീവിച്ച് മരിച്ചവരുണ്ടോ..?
ആ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശവുമായി, ഇന്നലെയുടെ കഥകള്‍ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങള്‍ താണ്ടുന്ന നമ്മുടെ നാട്....
നമ്മള്‍ ഓരോരുത്തരും അവരവരുടെ തിരക്കുകളില്‍ പെട്ട് ഉഴലുമ്പോള്‍ നാടിനെ കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കാനിവിടെ സമയം!
അക്ഷരം അഗ്നിയാണ്....
ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാന്‍
സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതമായ
അകനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍...
നാടിന്റെ വൈജ്ഞാനിക സാംസ്കാരിക പുരോഗതിയ്ക്ക് ശക്തി പകരാന്‍
ഈ സരസ്വകതീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്.
അറിവിന്റെ വഴിവിളക്ക്...
അതേ, നമ്മുടെ സ്വന്തം കൊച്ചു സ്കൂള്‍...
സ്കൂള്‍ ചെറുതാണെങ്കിലും അതിലൂടെ പോകുന്നവര്‍ വലിയവരായിരുന്നു...
കാരണം വിദ്യാലയത്തിന്റെ മഹത്വം തന്നെ ആണല്ലോ ഏറ്റവും വലുത്.....
തലമുറകളെ അറിവിന്റെ തീരങ്ങളിലേക്ക് കൈപിടിച്ച്
നടത്താനുതകുന്ന നിലയില്‍,
അകനാട് ഗവ. എല്‍ പി സ്കൂള്‍ (ആരഭിച്ചപ്പോള്‍ അപ്പര്‍ പ്രൈമറി ആയിരുന്നു) എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത്,
അകനാടിന്റെ സാംസ്കാരിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരേടാണ്...
1949 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന്
വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണ്....
മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടതും...
സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍
നമ്മള്‍ പലതും പകരം കൊടുത്തതും...
ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടുതും ഇവിടെയാണ്...
ഇന്ന് ദൂരെ ദൂരെ ഏതോ തീരം തേടി നാം നടന്നകലുമ്പോള്‍
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത....
ഒരു നല്ല വസന്തത്തിന്റെ സൗരഭ്യം നിറക്കുന്ന
ബാല്യകാലത്തിന്റെ ഓര്‍മ്മകളും...
കൊഴിഞ്ഞുവീണ കുറെ ധന്യ നിമിഷങ്ങളും...
നെയ്തെടുക്കപ്പെട്ട കിനാക്കളും മാത്രം ബാക്കി.....
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജാതി മത രാഷ്ട്രീയ
വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞുപോരുന്ന ഒരു പ്രദേശമാണിത്.
ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രിയുടെ പ്രതീകങ്ങളായി ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും നിലകൊള്ളുന്നു.
കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുമ്പോള്‍
ഗായത്രിമന്ത്രങ്ങളുമായി അകനാട് കൂട്ടുപുറം ശ്രീമഹാവിഷ്ണു ക്ഷേത്രം!!
ഗ്രാമത്തില്‍ സ്വയംഭൂവായിവാണരുളുന്ന കുട്ടനെല്ലൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ്......
മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തില്‍ കൊണ്ടാടപ്പെടുന്ന കാവിലെ ഉത്സവം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു.....
ഈ നാടിന്‍റെ തുടിപ്പും സ്പന്ദനവും അറിയുന്നവര്‍ക്ക്....
ഈ നാടിന്‍റെ ഇടവഴികളിലെ മണല്‍തരികളില്‍ സ്വന്തം കാല്‍പ്പാടുപതിപ്പിച്ചു കാലത്തിന്‍റെ ഇരുളിലേക്ക് നടന്നകന്നവര്‍ക്ക്....
അടക്കിപ്പിടിച്ച ചിരികളും കള്ളനോട്ടങ്ങളുമായി ഇവിടുത്തെ യുവത്വത്തെ സജീവമാക്കിയ ഇന്നാട്ടിലെ സുന്ദരിമാര്‍ക്ക്.... കാലഘട്ടത്തിന്‍റെ അനിവാര്യതഎന്നോണം കടന്നുവരുന്ന ഓരോപുതുതലമുറകളുടെയും
സകലതാന്തോന്നിത്തരങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഞങ്ങളുടെ സ്വന്തം ചേട്ടന്മാര്‍ക്ക് ...
വൈകുന്നേരങ്ങള്‍ ഒരു ആഘോഷമാക്കാന്‍ ഞങ്ങള്‍ക്ക് ഈ കലുങ്ക് സമ്മാനിച്ച കേരള പൊതുമരാമത്ത് വകുപ്പിന്.... പൂര്‍വികര്‍ക്ക്... മുന്നില്‍ ഇതു ഞാന്‍ സമര്‍പ്പിക്കുന്നു...







No comments:
Post a Comment